|

|
നീണ്ടൂര്‍: ദൈവം തന്ന കഴിവുകള്‍ മറ്റുള്ളവര്‍ക്കു വേണ്ടി
പ്രയോജനപ്പെടുത്തി ജീവിച്ച മഹാത്മാവായിരുന്നു ദൈവദാസന് പൂതത്തില്
തൊമ്മിയച്ചനെന്ന് കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ.മാത്യു ഇളപ്പാനിക്കല്‍
പറഞ്ഞു. നീണ്ടൂര്‍ രാജമക്കള്‍ ഹാളില്‍ ഇന്നുച്ചകഴിഞ്ഞ് (ശനി) ദൈവദാസന് പൂതത്തില്
തൊമ്മിയച്ചന്റെ ജീവിതവിശുദ്ധിയെ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു
കൊണ്ടുള്ള സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാലംഗര്ക്കു വേണ്ടി
അസൈലം സ്ഥാപിച്ച് അഭയം നല്‍കുകയും, അവരെ സംരക്ഷിക്കാന്‍ ഒരു സന്യാസ സഭയ്ക്കു രൂപം
നല്‍കുകയും ചെയ്ത തൊമ്മിയച്ചന്‍ വലിയ ക്രാന്തദര്‍ശിത്വത്തിന്
ഉടമയായിരുന്നുവെന്നും ഫാ.മാത്യു ഇളപ്പാനിക്കല്‍ പറഞ്ഞു. പ്രലോഭനങ്ങളെ അതിജീവിച്ച്,
ആത്മീയശക്തി സംഭരിച്ച് വിശുദ്ധിയുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു
തൊമ്മിയച്ചനെന്ന് പ്രബന്ധം അവതരിപ്പിച്ച പ്രൊഫ.മാത്യു പ്രാല്‍ ചൂണ്ടിക്കാട്ടി.
അയല്ക്കാരന്റെ കണ്ണീരൊപ്പനുള്ള വലിയ മനസ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന്
പ്രൊഫ.മാത്യു പ്രാല്‍ പറഞ്ഞു. പിതൃസ്നേഹത്തിന്റെ മൂര്‍ത്തീഭാവവും, യേശു
മനുഷ്യരൂപത്തലര്പ്പിച്ച ആരാധനയുടെയും പ്രതിനന്ദിയുടെയും പ്രത്യക്ഷീകരണവുമായിരുന്നു
തൊമ്മിയച്ചനെ സംബന്ധിച്ച് ദിവ്യകാരുണ്യമെന്ന സ്നേഹാമൃതമെന്ന് പ്രബന്ധം
അവതരിപ്പിച്ച ഡോ.സിസ്റ്റര്‍ ദീപ എസ്.ജെസി പറഞ്ഞു. റവ.ഡോ.സിറിയക് കണിച്ചായി
സി.എം.ഐ, റവ.ഡോ.സ്റ്റീഫന്‍ മുരിയംകോട്ടുനിരപ്പില് ഒ.എസ്.എച്ച് എന്നിവര്‍
മോഡറേറ്റര്‍മാരായിരുന്നു. സെന്റ് ജോസഫ്സ് കോണ്ഗ്രിഗേഷന് സുപ്പീരിയര്‍ ജനറല്‍
സിസ്റ്റര്‍ ആനി ജോണ്‍ എസ്.ജെ.സി സ്വാഗതവും, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍
റൂബി എസ്.ജെ.സി നന്ദിയും പറഞ്ഞു. |